നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

പ്രാര്‍ത്ഥന, പൊടി, നക്ഷത്രങ്ങള്‍

അദിതിയും ആകാശും ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചുവെങ്കിലും, അവര്‍ക്കു കുട്ടികളുണ്ടാകുകയില്ലെന്ന് അവരുടെ ഡോക്ടര്‍ പറഞ്ഞു. ''ഞാന്‍ ദൈവവുമായി വളരെ സത്യസന്ധമായ ഒരു സംഭാഷണത്തിനു സമയം കണ്ടെത്തി'' അദിതി തന്റെ സ്‌നേഹിതയോടു മനസ്സു തുറന്നു. എന്നാല്‍ അത്തരമൊരു ''സംഭാഷണ''ത്തിനു ശേഷമാണ് അവളും ആകാശും അവരുടെ പാസ്റ്ററുമായി സംസാരിച്ചത്. അവരുടെ സഭയിലെ ഒരു ദത്തെടുക്കല്‍ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം ദത്തെടുക്കപ്പെട്ട ഒരു ആണ്‍കുഞ്ഞിനെ നല്‍കി ദൈവം അവരെ അനുഗ്രഹിച്ചു.

ഉല്പത്തി 15-ല്‍, മറ്റൊരു സത്യസന്ധമായ സംഭാഷണത്തെക്കുറിച്ചു ബൈബിള്‍ പറയുന്നു - ഇത് അബ്രാമും ദൈവവും തമ്മിലുള്ള സംഭാഷണമായിരുന്നു. ദൈവം അവനോടു പറഞ്ഞു, ''അബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ . . . നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു'' (വാ. 1). തന്റെ ഭാവിയെക്കുറിച്ചുള്ള ദൈവിക വാഗ്ദാനങ്ങളെക്കുറിച്ച് ഉറപ്പില്ലാതെ അബ്രാം ഉത്തരം പറഞ്ഞു: ''യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ?'' (വാ. 2).

''ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും'' (ഉല്പത്തി 13:16) എന്നു ദൈവം നേരത്തെ വാഗ്ദത്തം ചെയ്തിരുന്നു.  ഇപ്പോള്‍ അബ്രാം - തികച്ചും മാനുഷികമായ ഒരു നിമിഷത്തില്‍ - അതു ദൈവത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക'' എന്ന് അബ്രാമിനോടു പറഞ്ഞുകൊണ്ട്, അവന്റെ സന്തതി എണ്ണുവാന്‍ കഴിയാത്തവിധമായിരിക്കുമെന്ന് അവിടുന്ന് ഉറപ്പുനല്‍കി (ഉല്പത്തി 15:5).

അത്തരം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന അനുവദിക്കുക മാത്രമല്ല, അബ്രാമിനെ സൗമ്യമായി ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവം എത്ര നല്ലവനാണ്! പിന്നീട്, ദൈവം അബ്രാമിന്റെ പേര് അബ്രാഹാം (''ബഹുജാതികളുടെ പിതാവ്'') എന്ന് മാറ്റുന്നു. അബ്രാമിനെപ്പോലെ, നിങ്ങള്‍ക്കും എനിക്കും ദൈവവുമായി നമ്മുടെ ഹൃദയം പരസ്യമായി പങ്കിടാനും നമുക്കും മറ്റുള്ളവര്‍ക്കും ഏറ്റവും മികച്ചതു ദൈവം ചെയ്യുമെന്ന് ദൈവത്തില്‍ വിശ്വസിക്കാനും കഴിയും.

ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു

ചില ''രക്ഷകള്‍'' തങ്ങള്‍ക്കു നല്ല ഭാഗ്യം കൊണ്ടുവന്നുവെന്ന് ചില ആളുകള്‍ നിങ്ങളോടു പറഞ്ഞേക്കാം. ചിലര്‍ക്ക് ഇത് ചില 'ഏലസ്സുകള്‍' ആണ്, മറ്റു ചിലര്‍ക്ക് ഇത് പ്രത്യേക നാണയങ്ങള്‍, പാരമ്പര്യമായി കിട്ടിയ വസ്തുക്കള്‍, അല്ലെങ്കില്‍ ശുഭദിനങ്ങള്‍ എന്നിവയാണ്. ഇവ അഭിവൃദ്ധി കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുകയും അതിനായി പലരും കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കുകയും ചെയ്യുന്നു. 

സൗഭാഗ്യങ്ങളിലുള്ള ഈ സാര്‍വത്രിക വിശ്വാസം, വിവിധ സംസ്‌കാരങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും. നമ്മുടെ ആത്യന്തിക ക്ഷേമത്തിനായി ദൈവത്തില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തിലെങ്കിലും -പണമോ, മാനുഷിക ബലമോ, അല്ലെങ്കില്‍ മതപരമായ പാരമ്പര്യമോ - ആശ്രയിക്കാനുള്ള നമ്മുടെ മാനുഷിക പ്രവണതയെയാണ് അതു ചൂണ്ടിക്കാണിക്കുന്നത്. അശ്ശൂരില്‍നിന്നുള്ള ആക്രമണ ഭീഷണി വന്നപ്പോള്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നു തിരിഞ്ഞു ദൈവത്തോടു വ്യക്തിപരമായി അടുക്കുന്നതിനു പകരം, യെഹൂദാജനം ഫറവോന്റെ സഹായം തേടിയപ്പോള്‍ ദൈവം ഇതിനെതിരായി മുന്നറിയിപ്പു നല്‍കി: 'മനംതിരിഞ്ഞ് അടങ്ങിയിരുന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്കു മനസ്സാകാതെ അല്ല, ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും'' (യെശയ്യാവ് 30:15-16).

അവരുടെ ''സഹായം തേടിയുള്ള യാത്ര'' പരാജയപ്പെട്ടു (ദൈവം അരുളിച്ചെയ്തതുപോലെ തന്നെ). അശ്ശൂര്‍ യെഹൂദയെ വളഞ്ഞു. എന്നാല്‍ ദൈവം തന്റെ ജനത്തോടു പറഞ്ഞു, 'കര്‍ത്താവ് നിങ്ങളോട് കൃപ കാണിക്കാന്‍ ആഗ്രഹിക്കുന്നു.'' നാം ചെറിയ കാര്യങ്ങളില്‍ ആശ്രയിക്കുമ്പോഴും, തങ്കലേക്കു മടങ്ങിവരുന്നതിനു നമ്മെ സഹായിക്കാന്‍ ദൈവം തന്റെ കൈ നീട്ടിയിരിക്കുന്നു. 'അവനായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്‍!'' (വാ. 18).

നീതിയുടെ ദൈവം

ഒരുപക്ഷേ, അവളായിരിക്കാം ചരിത്രത്തിലെ ഏറ്റവും വലിയ 'ബലിയാട്.' അവളുടെ പേര് ഡെയ്‌സി എന്നോ, മാഡലിന്‍ എന്നോ, ഗ്വെന്‍ഡോളിന്‍ എന്നോ (ഇങ്ങനെ പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്) ആയിരിക്കാം, നമുക്കറിയില്ല. പക്ഷേ 1871 ല്‍, ചിക്കാഗോയിലെ മൂന്നിലൊന്നു ജനങ്ങളെ ഭവനരഹിതരാക്കിയ വന്‍ അഗ്നിബാധയ്ക്കു കാരണക്കാരിയെന്നു മുദ്രകുത്തപ്പെട്ടത് മിസ്സിസ് ഓ' ലിയറിയുടെ ഈ പശുവായിരുന്നു. ഇതു നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊരാളെ വീതം ഭവനരഹിതനാക്കി. ശക്തമായ കാറ്റില്‍ മരവീടുകളിലൂടെ ആളിപ്പടര്‍ന്ന തീ, മൂന്നു ദിവസം അണയാതെ കത്തുകയും മുന്നൂറോളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു.

ഒരു ഷെഡില്‍ കത്തിനിന്ന വിളക്ക് പശു തട്ടിമറിച്ചപ്പോഴാണു തീ പടര്‍ന്നതെന്ന്, വര്‍ഷങ്ങളോളം പലരും വിശ്വസിച്ചു. കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന്, 126 വര്‍ഷത്തിനുശേഷം, നഗരത്തിലെ പോലീസും അഗ്നിശമന സേനയും പശുവിനെയും അതിന്റെ ഉടമസ്ഥരെയും കുറ്റവിമുക്തരാക്കുന്ന തീരുമാനം പാസ്സാക്കുകയും ഇക്കാര്യത്തില്‍ ഒരു അയല്‍വാസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

നീതി ലഭിക്കാന്‍ പലപ്പോഴും കാലതാമസം നേരിടുന്നു. അത് എത്രത്തോളം പ്രയാസകരമാണെന്നു തിരുവെഴുത്തും അംഗീകരിക്കുന്നു. 'എത്രത്തോളം?' എന്ന ചോദ്യം 13-ാം സങ്കീര്‍ത്തനത്തില്‍ നാലുതവണ ആവര്‍ത്തിക്കുന്നു: 'യഹോവേ, എത്രത്തോളം നീയെന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതെവണ്ണം മറയ്ക്കും? എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ച് എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?'' (വാ.1-2). എന്നാല്‍ ഈ നിലവിളിയുടെ മദ്ധ്യത്തിലും, വിശ്വാസത്തിനും പ്രത്യാശയ്ക്കുമുള്ള കാരണം ദാവീദ് കണ്ടെത്തുന്നു: 'ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും'' (വാ. 5).

നീതി വൈകുമ്പോള്‍ പോലും, ദൈവത്തിന്റെ സ്‌നേഹം നമ്മെ ഒരിക്കലും കൈവിടുകയില്ല. ഈ നിമിഷത്തില്‍ മാത്രമല്ല, നിത്യതയോളം നമുക്കു ദൈവത്തില്‍ ആശ്രയിക്കാനും വിശ്രമിക്കാനും കഴിയും!

കഠിന നിലവും ആര്‍ദ്ര കരുണയും

ജെയിംസിന് കേവലം ആറു വയസ്സുള്ളപ്പോള്‍, അവന്റെ മൂത്ത ജ്യേഷ്ഠന്‍ ഡേവിഡ് ഒരു അപകടത്തില്‍ ദാരുണമായി മരിച്ചു. ഡേവിഡിന്റെ പതിന്നാലാം ജന്മദിനത്തിന്റെ തലേദിവസമായിരുന്നു അത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ജെയിംസ് തന്റെ അമ്മ മാര്‍ഗരറ്റിനെ ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അവളുടെ അഗാധമായ ദുഃഖത്തില്‍, തന്റെ മൂത്തമകന് വളര്‍ച്ചയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ലല്ലോ എന്നവള്‍ ചിലപ്പോഴൊക്കെ സ്വയം ഓര്‍മ്മിപ്പിച്ചു. ജെയിംസ് ബാരിയുടെ സമ്പന്നമായ ഭാവനയില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ ആശയം, ഒരിക്കലും പ്രായമാകാത്ത പീറ്റര്‍ പാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനു പ്രചോദനമായിത്തീര്‍ന്നു. നടപ്പാതയില്‍ പൊട്ടിവിരിയുന്ന ഒരു പുഷ്പം പോലെ, ചിന്തിക്കാന്‍ പോലും കഴിയാത്ത ഹൃദയവേദനയുടെ കഠിനമായ നിലത്തുനിന്നുപോലും നന്മ ഉയര്‍ന്നുവരാറുണ്ട്.

നമ്മുടെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍നിന്നു നല്ലതു പുറത്തുകൊണ്ടുവരുവാന്‍, തന്റെ അനന്തമായ സൃഷ്ടിപരമായ രീതിയില്‍ ദൈവത്തിനു കഴിയുന്നു എന്ന ചിന്ത എത്ര ആശ്വാസകരമാണ്. രൂത്തിന്റെ പഴയനിയമകഥയില്‍ ഇതിന്റെ മനോഹരമായ ഒരു ചിത്രം കാണാം. നവോമിക്കു രണ്ടു പുത്രന്മാരെ നഷ്ടപ്പെട്ടു. അങ്ങനെ നിസ്സഹായയായി അവള്‍ ഒറ്റപ്പെട്ടു. അവളുടെ വിധവയായ മരുമകള്‍ രൂത്ത് നവോമിയുടെ കൂടെ താമസിക്കുന്നതും ദൈവത്തെ സേവിക്കുന്നതും തിരഞ്ഞെടുത്തു (രൂത്ത് 1:16). ഒടുവില്‍, ദൈവത്തിന്റെ കരുതല്‍ അവര്‍ക്ക് അപ്രതീക്ഷിത സന്തോഷം നല്‍കി. രൂത്ത് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. അവര്‍ 'അവന് ഓബേദ് എന്നു പേരു വിളിച്ചു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍ തന്നേ' (4:17). യേശുവിന്റെ പൂര്‍വ്വികരുടെ പട്ടികയിലും അവന്‍ ഉള്‍പ്പെട്ടു (മത്തായി 1:5).

ദൈവത്തിന്റെ ആര്‍ദ്രമായ കരുണ നമുക്ക് ഗ്രഹിക്കാനുള്ള കഴിവിനപ്പുറത്തേക്ക് എത്തിച്ചേരുകയും നാം പ്രതീക്ഷിക്കാത്തിടത്തു നമ്മെ കണ്ടുമുട്ടുകയും ചെയ്യുന്നു. അന്വേഷണം തുടരുക! ഒരുപക്ഷേ നിങ്ങളത് ഇന്നും കണ്ടെത്തിയേക്കാം.

തള്ളപ്പെട്ടവര്‍ക്കുള്ള ശരണം

ആയിരക്കണക്കിനാളുകളെ യേശുവിലുള്ള വിശ്വാസത്തിലേക്കു നയിച്ച, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗകരിലൊരുവനായിരുന്നു ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് (1714-1770). പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം വിവാദരഹിതമായിരുന്നില്ല. അദ്ദേഹത്തിന്റെ പരസ്യസ്ഥലത്തെ പ്രസംഗരീതിയെ (വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളുന്നതിനായി), ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നവരും ഒരു സഭാകെട്ടിടത്തിന്റെ നാലു മതിലുകള്‍ക്കുള്ളില്‍ മാത്രമേ പ്രസംഗിക്കാവൂ എന്നു കരുതുന്നവരും വിമര്‍ശിച്ചിരുന്നു. മറ്റുള്ളവരുടെ കഠിനമായ വാക്കുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു എന്നതിലേക്കു വൈറ്റ്ഫീല്‍ഡിന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ വ്യക്തമാക്കുന്നു: 'എന്റെ സ്വഭാവത്തെ ന്യായീകരിക്കുന്നതിനു ന്യായവിധി ദിവസം വരെ കാത്തിരിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്; ഞാന്‍ മരിച്ചതിനുശേഷം, ഇതൊഴികെ മറ്റൊരു സ്മാരകക്കുറിപ്പ് ഞാന്‍ ആഗ്രഹിക്കുന്നില്ല: “ഇവിടെ ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് കിടക്കുന്നു - അവന്‍ എങ്ങനെയുള്ള മനുഷ്യനായിരുന്നുവെന്ന് മഹത്തായ ദിനത്തില്‍ വെളിപ്പെടും.''
പഴയനിയമത്തില്‍, മറ്റുള്ളവരില്‍നിന്നു കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍, ദാവീദ് തന്നെത്തന്നെ ദൈവകരങ്ങളില്‍ ഏല്പിച്ചു. ദാവീദ് രാജാവിനോടു മത്സരിക്കുന്നുവെന്നു വ്യാജ ആരോപണം ഉന്നയിച്ച് അവനെ പിടിക്കാന്‍ സൈന്യത്തെ ശൗല്‍ അയച്ചു. തന്റെ നേരെ വരുന്ന ശൗലിന്റെ സൈന്യത്തില്‍നിന്നു രക്ഷപ്പെടാന്‍ നിര്‍ബ്ബന്ധിതനായി ദാവീദ് ഒരു ഗുഹയില്‍ ഒളിച്ചു. “പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന'’ മനുഷ്യരായ 'സിംഹങ്ങളുടെ ഇടയില്‍'' താന്‍ ഇരിക്കുന്നതായി ദാവീദ് പറയുന്നു (സങ്കീര്‍ത്തനം 57:4). എന്നാല്‍ പ്രയാസകരമായ ആ സ്ഥലത്തുപോലും അവന്‍ ദൈവത്തിലേക്കു തിരിഞ്ഞു ദൈവത്തില്‍ ആശ്വാസം കണ്ടെത്തി: 'നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ'' (വാ. 10).

മറ്റുള്ളവര്‍ നമ്മെ തെറ്റിദ്ധരിക്കുകയോ തള്ളുകയോ ചെയ്യുമ്പോള്‍, ദൈവം നമ്മുടെ 'ശരണം' (വാ. 1) ആകുന്നു. അവിടുത്തെ മാറ്റമില്ലാത്തതും കരുണാമയവുമായ സ്‌നേഹം നിമിത്തം അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടട്ടെ!

സംരക്ഷിക്കപ്പെട്ടത്

കൃഷിക്കായി ഞാന്‍ നിലം ഒരുക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു വലിയ ചുവട് ശൈത്യകാല കള ഞാന്‍ പിഴുതു മാറ്റി. . . എന്നിട്ട് ആകാശത്തേക്കു വലിച്ചെറിഞ്ഞു! എന്റെ കൈക്കു തൊട്ടുതാഴെയായി ഒരു വിഷപ്പാമ്പ് ചെടിയുടെ ചുവട്ടില്‍ ഒളിച്ചിരിക്കുന്നു-ഒരു ഇഞ്ച് താഴെ! ഞാന്‍ അതിനെ അബദ്ധത്തില്‍ പിടിക്കുമായിരുന്നു. ഞാന്‍ ചെടി ഉയര്‍ത്തിയ ഉടനെ അതിന്റെ നിറമുള്ള വലയങ്ങള്‍ കണ്ടു; അതിന്റെ ബാക്കിഭാഗം എന്റെ കാലുകള്‍ക്കിടയിലെ കളകളില്‍ ചുറ്റിയിരുന്നു.

ഏതാനും അടി അകലേക്ക് ഞാന്‍ എടുത്തു ചാടിയപ്പോള്‍, അതെന്നെ കടിക്കാത്തതിനു ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവിടെ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത അപകടങ്ങളില്‍നിന്ന് ദൈവം എന്നെ എത്ര തവണ സൂക്ഷിച്ചുവെന്നു ഞാന്‍ ചിന്തിച്ചു.

ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനുമുമ്പ് മോശെ യിസ്രായേല്‍ മക്കളോടു പറഞ്ഞു, 'യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്' (ആവര്‍ത്തനം 31:8). അവര്‍ക്ക് ദൈവത്തെ കാണാന്‍ കഴിയുമായിരുന്നില്ല, എന്നിരുന്നാലും ദൈവം അവരോടൊപ്പമുണ്ടായിരുന്നു.

ചിലപ്പോള്‍ നമുക്കു മനസ്സിലാകാത്ത വിഷമകരമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നാം അറിയാതെ തന്നെ ദൈവം എത്ര തവണ നമ്മെ സംരക്ഷിച്ചുവെന്നതിനെക്കുറിച്ചും നമുക്കു ചിന്തിക്കാനാകും!

അവിടുത്തെ സമ്പൂര്‍ണ്ണവും കരുതലോടെയുമുള്ള പരിചരണം എല്ലാ ദിവസവും അവിടുത്തെ ജനങ്ങളുടെ മേല്‍ നിലനില്‍ക്കുന്നുവെന്ന് തിരുവെഴുത്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28:20).

ഒരു അനുഗ്രഹത്തിനായി കാത്തിരിക്കുന്നു

ബാങ്കോക്കിലെ ഒരു ജനപ്രിയ റെസ്‌റ്റോറന്റ്, നാല്‍പ്പത്തിയഞ്ച് വര്‍ഷമായി പാകപ്പെടുത്തക്കൊണ്ടിരിക്കുന്ന ഒരു സൂപ്പില്‍ നിന്ന് ആളുകള്‍ക്കു വിളമ്പിക്കൊണ്ടിരിക്കുന്നു, ഒപ്പം ഓരോ ദിവസവും പാത്രത്തിലേക്ക്് അല്‍പ്പം ചേരുവകള്‍ നിറയ്ക്കുകയും ചെയ്യുന്നു. 'ശാശ്വത സൂപ്പ്'' എന്ന് വിളിക്കപ്പെടുന്ന ഈ രീതി മധ്യകാലഘട്ടത്തിലേതാണ്. ഭക്ഷണത്തിന്റെ ചില 'ശേഷിപ്പുകള്‍' കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നല്ല രുചിയുള്ളതായി തോന്നാറുള്ളതുപോലെ, നീണ്ടകാലത്തെ പാചക സമയത്തില്‍ ചേരുവകള്‍ കൂടിച്ചേര്‍ന്ന് അതുല്യമായ രുചികള്‍ സൃഷ്ടിക്കുന്നു. തായ്‌ലന്‍ഡിലെ ഏറ്റവും രുചികരമായ സൂപ്പിനുള്ള ഒന്നിലധികം അവാര്‍ഡുകള്‍ ആ റസ്റ്റോറന്റ് കരസ്ഥമാക്കി.

നല്ല കാര്യങ്ങള്‍ക്ക് പലപ്പോഴും സമയമെടുക്കും, പക്ഷേ നമ്മുടെ മനുഷ്യ സ്വഭാവം ക്ഷമയില്ലാത്തതാണ്. 'എത്രത്തോളം?'' എന്ന ചോദ്യം ബൈബിളിലുടനീളം കാണുന്നു. ഹബക്കൂക്ക് പ്രവാചകന്‍ തന്റെ പുസ്തകം ആരംഭിക്കുന്ന 'യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കുകയും നീ കേള്‍ക്കാതിരിക്കുകയും ചെയ്യും?' (ഹബക്കൂക്ക് 1:2) എന്ന ചോദ്യം ഇതിനു നല്ല ഉദാഹരണമാണ്. ക്രൂരന്മാരായ ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലൂടെ ദൈവം തന്റെ രാജ്യത്തിന്മേല്‍ (യെഹൂദ) വരുത്താനിരിക്കുന്ന ന്യാവിധിയെക്കുറിച്ചു പ്രവചിച്ച ഹബക്കൂക്ക് (അവന്റെ പേരിന്റെ അര്‍ത്ഥം 'മല്‍പ്പിടുത്തക്കാരന്‍' എന്നാണ്), ചൂഷകരായ ആളുകള്‍ അഭിവൃദ്ധിപ്പെടാന്‍ ദൈവം അനുവദിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു മുമ്പില്‍ വളരെ പോരാട്ടം സഹിച്ചു. എന്നാല്‍ ദൈവം തക്കസമയത്ത് പ്രത്യാശയും പുനഃസ്ഥാപനവും വാഗ്ദാനം ചെയ്തു: 'ദര്‍ശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു ... അതു വൈകിയാലും അതിനായി കാത്തിരിക്കുക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല' (2:3).

ബാബിലോന്യ പ്രവാസം എഴുപതു വര്‍ഷം നീണ്ടുനിന്നു. മനുഷ്യന്റെ കണക്കില്‍ അത് വളരെ നീണ്ട കാലമാണ്, എന്നാല്‍ ദൈവം എല്ലായ്‌പ്പോഴും തന്റെ വചനത്തോട് വിശ്വസ്തനും സത്യവാനുമാണ്.

ദൈവത്തിന്റെ ഏറ്റവും മികച്ച അനുഗ്രഹങ്ങളില്‍ ചിലത് വരാന്‍ വളരെക്കാലമെടുത്തേക്കാം. അതു താമസിക്കുന്നുണ്ടെങ്കിലും, അവനെ കാത്തിരിക്കുക. അവന്‍ എല്ലാ അനുഗ്രഹങ്ങളെയും തികഞ്ഞ ജ്ഞാനത്തോടും കരുതലോടും കൂടി തയ്യാറാക്കുന്നു - അവനെ കാത്തിരിക്കുന്നത് എല്ലായ്‌പ്പോഴും അനുഗ്രഹദായകമാണ്.

ദൈവത്തിന്റെ കാല്‍പ്പാടുകള്‍

''ദൈവം എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കറിയാം,'' ഞങ്ങളുടെ നാലുവയസ്സുള്ള കൊച്ചുമകന്‍എന്റെ ഭാര്യ കാരിയോട് പറഞ്ഞു. 'അത് എവിടെയാണ്?'' അവള്‍ വര്‍ദ്ധിച്ച ജിജ്ഞാസയോടെ ചോദിച്ചു. ''നിങ്ങളുടെ വീടിനടുത്തുള്ള കാട്ടിലാണ് ദൈവം താമസിക്കുന്നത്,'' അവന്‍ മറുപടി പറഞ്ഞു.

അവരുടെ സംഭാഷണത്തെക്കുറിച്ച് കാരി എന്നോട് പറഞ്ഞപ്പോള്‍, അവന്റെ ചിന്തയെ പ്രേരിപ്പിച്ചതെന്താണെന്ന് അവള്‍ അത്ഭുതപ്പെട്ടു. ''എനിക്കറിയാം,'' ഞാന്‍ പ്രതിവചിച്ചു. ''അവന്‍ കഴിഞ്ഞ പ്രാവശ്യം നമ്മളെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ കാട്ടില്‍ നടക്കാന്‍ പോയിരുന്നു. ഞാന്‍ അവനോട് പറഞ്ഞു, 'നമുക്ക് ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും, അവന്‍ ചെയ്ത കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.'' ''ഞാന്‍ ഉണ്ടാക്കുന്ന കാല്‍പ്പാടുകള്‍ നീ കാണുന്നുണ്ടോ?'' ഞങ്ങള്‍ നദിക്കരയിലെ മണല്‍പ്പരപ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ എന്റെ കൊച്ചുമകനോട് ചോദിച്ചു. ''മൃഗങ്ങളും വൃക്ഷങ്ങളും നദിയും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പോലെയാണ്. അവന്‍ ഇവിടെ ഉണ്ടായിരുന്നതായി നമുക്കറിയാം, കാരണം അവന്‍ സൃഷ്ടിച്ച കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.'

104-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് സൃഷ്ടിയില്‍ ദൈവത്തിനുള്ള തെളിവുകള്‍ ചൂണ്ടിക്കാണിച്ചു, ''യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു' (വാ. 24). ഇവിടെ കാണുന്ന ജ്ഞാനത്തിനുള്ള എബ്രായ പദം, സമര്‍ത്ഥമായ കരകൗശലത്തെ വിവരിക്കാന്‍ ബൈബിളില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ്. പ്രകൃതിയിലെ ദൈവത്തിന്റെ കരകൗശലം അവന്റെ സാന്നിധ്യത്തെ പ്രഖ്യാപിക്കുകയും അവനെ സ്തുതിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

104-ാം സങ്കീര്‍ത്തനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ഈ വാക്കുകളോടെയാണ്: ''യഹോവയെ സ്തുതിപ്പിന്‍' (വാ. 1, 35). ഒരു കുഞ്ഞിന്റെ കൈ മുതല്‍ കഴുകന്റെ കണ്ണ് വരെ, നമുക്ക് ചുറ്റുമുള്ള നമ്മുടെ സ്രഷ്ടാവിന്റെ കലാപരമായ കഴിവ് അവന്റെ പൂര്‍ണ്ണമായ അഗാധമായ നൈപുണ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് നമുക്ക് ഇതെല്ലാം അത്ഭുതത്തോടെ കാണുകയും അതിനായി അവനെ സ്തുതിക്കുകയും ചെയ്യാം!

അദൃശ്യമായവരുടെ ദൈവം

'ചിലപ്പോള്‍ ഞാന്‍ അദൃശ്യനാണെന്ന് എനിക്ക് തോന്നും. എന്നിരുന്നാലും ദൈവം എന്നെ ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'

ഞങ്ങള്‍ ഒരു സംഭാഷണം ആരംഭിക്കുമ്പോള്‍, ഞാന്‍ സന്ദര്‍ശിക്കുന്ന ഹോട്ടലിലെ വ്യായാമ മുറി ആന്‍ വൃത്തിയാക്കുകയായിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍, അവള്‍ക്ക് അതിശയകരമായ ഒരു കഥയുണ്ടെന്ന് ഞാന്‍ കണ്ടെത്തി.

''ഞാന്‍ തെരുവുകളില്‍ താമസിക്കുന്ന ഒരു മയക്കുമരുന്ന് അടിമയും വേശ്യയുമായിരുന്നു,'' അവള്‍ പറഞ്ഞു. ''പക്ഷേ, എന്റെ സിഗരറ്റ് താഴെയിട്ടിട്ട് അവനോടൊപ്പം നടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഞാന്‍ യേശുവിന്റെ കാല്‍ക്കല്‍ മുട്ടുകുത്തി, അവന്‍ എന്നെ സ്വതന്ത്രയാക്കി.'

ദൈവം അവള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ ആനിന് നന്ദി പറഞ്ഞു, അവള്‍ അദൃശ്യയല്ലെന്ന് ഞാന്‍ അവള്‍ക്ക് ഉറപ്പുനല്‍കി - ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള അവന്റെ ശക്തിയെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കാന്‍ അവന്‍ അവളെ ഞങ്ങളുടെ സംഭാഷണത്തില്‍ മനോഹരമായ രീതിയില്‍ ഉപയോഗിച്ചു.

മറ്റുള്ളവര്‍ അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. അപ്പൊസ്തലനായ അന്ത്രയൊസ് തന്റെ സഹോദരന്‍ പത്രൊസിനെപ്പോലെ അറിയപ്പെടുന്ന ആളായിരുന്നില്ല, എന്നാല്‍ ''അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട്് അവനോട്: ഞങ്ങള്‍ മശീഹയെ ... കെണ്ടത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു' (യോഹന്നാന്‍ 1:41-42).

പത്രൊസ് അന്ത്രയൊസിലൂടെ യേശുവിനെ കണ്ടുമുട്ടി. യോഹന്നാന്‍ സ്‌നാപകന്റെ ശിഷ്യന്മാരില്‍ ഒരാളായ അന്ത്രയൊസ് യോഹന്നാനില്‍ നിന്ന് യേശുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, യേശുവിനെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്തു - ഉടനെ ചെന്നു തന്റെ സഹോദരനോട് പറഞ്ഞു. അന്ത്രയൊസിന്റെ ശാന്തമായ വിശ്വസ്തത ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു സ്വാധീനം ചെലുത്തി.

പ്രശസ്തിയെക്കാളുപരി വിശ്വസ്തസേവനത്തെ ദൈവം വിലമതിക്കുന്നു. നമ്മള്‍ എവിടെയായിരുന്നാലും അവന് നമ്മെ ശക്തമായി ഉപയോഗിക്കാന്‍ കഴിയും - ആരും നോക്കാത്തപ്പോള്‍ പോലും.

സമാധാനം പൊട്ടിപ്പുറപ്പെടുമ്പോള്‍

1914 ല്‍ ബെല്‍ജിയത്തിലെ ഒരു തണുത്ത ക്രിസ്തുമസ് രാവില്‍, പട്ടാളക്കാര്‍ ഒളിച്ചിരിക്കുന്ന ട്രെഞ്ചുകളില്‍നിന്ന് ഗാനങ്ങള്‍ ആലപിക്കുന്ന ശബ്ദം ഉയര്‍ന്നു. ''സൈലന്റ് നൈറ്റ്'' ന്റെ വരികള്‍ ജര്‍മ്മന്‍ ഭാഷയിലും തുടര്‍ന്ന് ഇംഗ്ലീഷിലും മുഴങ്ങി. കഴിഞ്ഞ പകലില്‍ പരസ്പരം വെടിയുതിര്‍ത്തുകൊണ്ടിരുന്ന സൈനികര്‍ ആയുധങ്ങള്‍ താഴെവെച്ച് അവരുടെ ട്രെഞ്ചുകളില്‍നിന്നു കയറി അവര്‍ക്കിടയിലുള്ള ''നോമാന്‍സ് ലാന്‍ഡില്‍'' വെച്ച് ഹസ്തദാനം നല്‍കുകയും ക്രിസ്തുമസ് ആശംസകളും തങ്ങളുടെ റേഷനില്‍ നിന്ന് സ്വമേധയാ സമ്മാനങ്ങളും കൈമാറി. സൈനികര്‍ സംസാരിക്കുകയും ചിരിക്കുകയും ഒരുമിച്ച് സോക്കര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ അടുത്ത ദിവസവും വെടിനിര്‍ത്തല്‍ തുടര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയില്‍ 1914 ല്‍ നടന്ന ക്രിസ്തുമസ് വെടിനിര്‍ത്തല്‍, വളരെക്കാലം മുമ്പ് ആദ്യത്തെ ക്രിസ്തുമസ് രാവില്‍ ദൂതന്മാര്‍ പ്രഖ്യാപിച്ച സമാധാനത്തിന്റെ ഒരു ഹ്രസ്വകാഴ്ച നല്‍കി. പേടിച്ചരണ്ട ഇടയന്മാരോട് ഒരു ദൂതന്‍ ഈ ആശ്വാസകരമായ വാക്കുകള്‍ പറഞ്ഞു: ''ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു' (ലൂക്കൊസ് 2:10-11). അപ്പോള്‍ ഒരു കൂട്ടം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു, അവര്‍ ''ദൂതനോട് ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം' എന്ന് പറയുകയും ചെയ്തു (വാ. 13-14).

നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന ''സമാധാന പ്രഭു'' ആണ് യേശു (യെശയ്യാവ് 9:6). ക്രൂശിലെ തന്റെ ത്യാഗത്തിലൂടെ അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ പാപമോചനവും ദൈവത്തോട് സമാധാനവും നല്‍കുന്നു.